മഴ ഒടുവിൽ നിലച്ചു, ഏറെ നാളുകൾക്ക് ശേഷം സൂര്യൻ തന്റെ മുഖാവരണം മാറ്റി പുഞ്ചിരിച്ചു. ഇളം കാറ്റും, നേരിയ തണുപ്പും, തെളിഞ്ഞ അന്തരീക്ഷവും. എല്ലാം കൂടെ ഒരു നല്ല സായാഹ്നം.
കൂട്ടുകാർക്കായി കുറച്ചു നേരം കാത്തിരുന്നെങ്കിലും ആരും വന്നില്ല. ഞാൻ എന്റെ ക്യാമറയും എടുത്ത് ഞങ്ങളുടെ പതിവ് സ്ഥലത്തേക്ക് ഇറങ്ങി. അവധിക്ക് വന്നിട്ട് ഇന്നേക്ക് ഒരു മാസമാകുന്നു. ഈ സുഹൃത്തുക്കളും, ക്ഷേത്രവും, അതിനെ ചുറ്റിപ്പറ്റിയുള്ള കുളവും, ആൽമരവും, പിന്നെ ദാമുവേട്ടന്റെ ചായക്കടയും – അവിടെ ചർച്ച ചെയുന്ന ലോകകാര്യങ്ങളും, നാട്ടുകാരും അതെല്ലാമായിരുന്നു എന്റെ ലോകം.
പതുക്കെ ആൽമരത്തിനടുത്തേക്കു നടന്നു. അടുത്തുള്ള ക്ഷേത്രത്തിൽ നിന്നും സംഗീതം കേൾക്കാമായിരുന്നു. അവിടെ കുറച്ചു നേരം ഇരുന്നു, പിന്നെ മടുപ്പ് തോന്നിയപ്പോൾ ചായക്കടയിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിച്ചു. മഴ, കട്ടൻ പിന്നെ അല്പം സംഗീതവും അതല്ലേ അതിന്റെ ഒരു ശരി!
നേരം നന്നേ നേരത്തെ ഇരുണ്ട തുടങ്ങിയിരുന്നു…
ഏകദേശം ക്ഷേത്രത്തിന് സമീപം എത്തി. ഇന്ന് സാധാരണയിലും ആളുകൾ കുറവാണ്. അവിടെ വെച്ച് ഒരു പെൺകുട്ടിയെ ശ്രദ്ധിച്ചു, അവരെ എവിടെയോ കണ്ടതുപോലെ..! ആ കണ്ണുകളിൽ നിഗൂഢമായ ഒരു സാന്നിദ്ധ്യം തോന്നി; അനിഷേധ്യമായ ഒരു മനോഹാരിത.
ഈരൻ അണിഞ്ഞ മുടിയിൽ തുളസി കതിർ ചൂടി, നെറ്റിയിൽ ചുവന്ന പൊട്ടും തൊട്ട്, പാട്ട് പാവാടയും, ദാവണിയും ചുറ്റി, അവൾ അരികിലൂടെ കടന്ന് പോയി. രണ്ടാമതൊന്ന് ആലോചിക്കാതെ ക്യാമറ എടുത്ത് അവളിലേക്ക് ഫോക്കസ് ചെയ്യാൻ തുടങ്ങി. ചെവിയിൽ തൂങ്ങിക്കിടക്കുന്ന ജിമ്മിക്കി കമ്മലുകൾ; അവളുടെ നനഞ്ഞ മുടി ഒരു വശത്തേക്ക് അഴിച്ചിട്ടിരുന്നു.
പെട്ടെന്ന് ആകാശം ഇരുണ്ട് മഴ പെയ്യാൻ തുടങ്ങി…
ഞാൻ ചായക്കടയിലേക്ക് തിടുക്കത്തിൽ നടന്നു. ഒരു ചായയും കുടിച്ചു ക്യാമറയിൽ പകർത്തിയ ഫോട്ടോകളിലൂടെ കണ്ണോടിച്ചു കുറച്ച് സമയം ചെലവഴിച്ചു. പുറത്ത് മഴ തകൃതിയായി പെയ്തുകൊണ്ടിരുന്നു.
ആരുടെയോ കാൽപ്പാടുകൾ അടുത്തേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ ക്ഷേത്രത്തിനടുത്ത് കണ്ട അതേ പെൺകുട്ടി. സംസാരിച്ചു തുടങ്ങാൻ എനിക്ക് എന്നും ബുദ്ധിമുട്ടായിരുന്നു, പക്ഷേ ആ തടസ്സം മറികടന്നപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി. പലതും സംസാരിച്ചു, ക്യാമറയിൽ എടുത്ത അവളുടെ ഫോട്ടോകൾ ഞാൻ അവളെ കാണിച്ചു. എങ്കിലും ആ മുഖത്ത് വലിയ സന്തോഷം ഇല്ലായിരുന്നു.
ഒടുവിൽ മഴ ശമിച്ചപ്പോൾ അവൾ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പതിയെ പുറത്തേക്ക് നടന്നു. അപ്പോഴാണ് മേശപ്പുറത്ത് ഒരു പൊതി കണ്ടത്, ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമാണെന്നാണ് ആദ്യം കരുതിയത്. ഞാൻ അവളെ വിളിച്ചു, അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് എവിടെയോ മറഞ്ഞുപോയി.
പൊതി തുറന്നപ്പോൾ കുറെ ഉണങ്ങിയ പൂക്കളും ഒരു പത്ര ക്ലിപ്പിംഗും – അവളുടെ ഒന്നാം ചരമവാർഷികത്തെ അനുസ്മരിക്കുന്ന അടികുറിപ്പോടെ അവളുടെ ഫോട്ടോ..
Leave a comment