——
കോളേജ് ജീവിതം എനിക്ക് ശരിക്കും വിരസമായിരുന്നു. ഓരോ ദിവസവും ഒരുതരം ആവർത്തനമായി തോന്നും. ക്ലാസുകൾ ഒഴിവാക്കാനും, അപരിചിതമായ മുഖങ്ങളെ അകറ്റി നിർത്താനും ഞാൻ എപ്പോഴും ഓരോ കാരണങ്ങൾ കണ്ടെത്തിയിരുന്നു.
അവളെ കാണുന്നതുവരെ.
അവളെ ആദ്യമായി കണ്ട ആ നിമിഷം മുതൽ എന്റെയുള്ളിൽ വലിയൊരു മാറ്റം സംഭവിച്ചു. പെട്ടെന്നൊരു മിന്നായം പോലെ, എല്ലാ നിറങ്ങളും എന്റെ ലോകത്തേക്ക് വീണ്ടും ഒഴുകിയെത്തി. ആ ചിരി, ആ കണ്ണുകൾ… ഇത്ര പെട്ടെന്ന് എന്റെ ശ്രദ്ധ പിടിച്ചുപറ്റിയെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
അന്ന് മുതൽ, ഓരോ ദിവസവും ഞാൻ കോളേജിലെത്തിത്തുടങ്ങി — ലാബിൽ, ലൈബ്രറിയിൽ, കാന്റീനിൽ… എവിടെയെങ്കിലും അവളുണ്ടാകുമോ എന്ന് കണ്ണുകൾ പരതിക്കൊണ്ട് ഞാൻ നടന്നു.
ഫ്രഷേഴ്സ് ഡേ ആയിരുന്നു അന്ന്. എനിക്ക് അതൊരു സാധാരണ ദിവസം മാത്രമായിരുന്നു, പ്രത്യേകതകളൊന്നുമില്ലാതെ കടന്നുപോയി. ഞാൻ ഇടനാഴിയിൽ കൂട്ടുകാരെയും കാത്ത് ഒരു സിഗരറ്റ് വലിക്കാൻ നിൽക്കുമ്പോളാണ് ആ ശബ്ദം കേട്ടത്.
ചിലങ്കയുടെ മൃദലമായ കിലുക്കം നടന്നടുക്കുന്നു…
അവളുടെ ചെറിയ കാൽവിരലുകളിൽ മെഹന്ദിയുടെ ചുവപ്പ്, ചുവന്ന ചുണ്ടുകൾ, ചെറുതായി തൂങ്ങിക്കിടക്കുന്ന ഡയമണ്ട് ആകൃതിയിലുള്ള കമ്മലുകൾ, കിനാവ് പോലെ കൊതിപ്പിക്കുന്ന കണ്ണുകൾ, കൈനിറയെ കുപ്പിവളകൾ. നെറ്റിയിൽ നേർത്തൊരു ചുവന്ന പൊട്ട്. വാക്കുകൾക്ക് അതീതമായ സൗന്ദര്യമായിരുന്നു അവൾക്ക്.
അവൾ എന്നെ നോക്കി ചെറുതായൊന്നു ചിരിച്ചുകൊണ്ട് ചോദിച്ചു:
“ചേട്ടാ.. റെസ്റ്റ് റൂം എവിടെയാ?”
അതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. ഒരുപാട് കഥകളുടെ തുടക്കം…
Leave a comment