പുലർച്ചെ നാലു മണി. രാത്രി മുഴുവൻ ഉറങ്ങാനായില്ല.
മനസ്സിലൂടെ ഓർമ്മകൾ കടന്നുപോയിക്കൊണ്ടിരുന്നു — കുട്ടിക്കാലം, തോട്, പുഴ, കോടമഞ്ഞ്, തേയിലത്തോട്ടങ്ങൾ. ഇടുക്കി.
ഇരുപത്തഞ്ചു വർഷം മുമ്പ്, ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നു തീരുമാനിച്ചാണ് ഞാൻ ഇറങ്ങിയത്. പക്ഷേ ആ ഫോൺകോൾ എന്നെ ഇവിടെ എത്തിച്ചു — മൈലുകൾ താണ്ടി, ഈ ഹോട്ടൽ മുറിയിൽ, ഓർമ്മകളിൽ തനിച്ച്.
വാതിലിൽ മുട്ടു കേട്ടു. ഞാൻ തുറന്നു.
“സർ, നമുക്ക് പോകാം. കാർ റെഡിയാണ്.”
തെരുവുവിളക്കിന്റെ വെളിച്ചത്തിൽ അവന്റെ മുഖം ഒന്നു കണ്ടു — വ്യക്തമല്ല. ഞാൻ പിൻസീറ്റിൽ ഇരുന്നു.
പാൽവണ്ടിയും പത്രവണ്ടിയും പോകുന്ന പ്രഭാതത്തിരക്കിലൂടെ ഞങ്ങൾ പതുക്കെ പട്ടണത്തിന് പുറത്തേക്ക് നീങ്ങി. തെരുവുവിളക്കുകൾ ഓരോന്നായി പിന്നിലേക്ക് മാഞ്ഞു.
എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി.
“സർ, ഒരു ചായ ആയാലോ?”
ഉറക്കം തെളിഞ്ഞപ്പോൾ ഹൈറേഞ്ച് കയറിത്തുടങ്ങിയിരുന്നു. പുറത്ത് ചാറ്റൽമഴ. മഞ്ഞു മൂടിയ മലനിരകളിലേക്കു നോക്കി ചൂടുചായ ഊതി കുടിച്ചു — അമ്മയുടെ ചായപോലെ. എവിടെയോ മറന്നുവെച്ച എന്റെ സൗഭാഗ്യം.
ഒരുപാടു മുമ്പേ തിരികെ വരേണ്ടതായിരുന്നു. എന്റെ വേരുകളിലേക്ക്.
എല്ലാറ്റിനും പിന്നാലെ ഓടി. എല്ലാം നേടി. ഒടുവിൽ തനിച്ചാണെന്നു മനസ്സിലായപ്പോഴേക്കും വൈകിപ്പോയിരുന്നു.
ഇന്ന് എന്റെ ജീവിതത്തിലെ നിർണായക ദിവസങ്ങളിലൊന്നാണ്.
മണിക്കൂറുകൾ കടന്നു. പിന്നീട്,
“സർ, പറഞ്ഞ സ്ഥലത്ത് എത്തി.”
കാർ സെന്റ് ജോർജ് ആശുപത്രിക്കു മുന്നിൽ നിന്നു. ഹൃദയമിടിപ്പ് കൂടിവന്നു. ആശുപത്രി മുറ്റത്തുകൂടി ഞാൻ പതുക്കെ നടന്നുതുടങ്ങി..
Leave a comment